ചലച്ചിത്രം വിചിത്രം


ചെറിയവന്റെ സിനിമ – ഇടനാഴിയില്‍ അല്‍പ്പം നേരം
മുഹമ്മദ്‌ അറയ്ക്കല്‍

Photo: സിനിമ എന്ന ദൃശ്യ-ശ്രവ്യ മാധ്യമം അതിന്റെ രൂപത്തിലും ഭാവത്തിലും വിപുലീകരിക്കപ്പെട്ടിട്ട് കുറേ കാലമായി. ഓരോ നിമിഷങ്ങളിലും അതിന്റെ അപ്ഡേഷന്‍ നടക്കുന്നുമുണ്ട്. സിനിമയിലെ തൊഴിലാളികളുടെ കുത്തകാവകാശ ങ്ങളുടെയും അവകാശവാദങ്ങളുടെയും ഇടയില്‍, ഈ സാങ്കേതികതയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്കൊണ്ട്‌, സിനിമ ഒരു കലാ-സാംസ്കാരിക പ്രവര്‍ത്തനമാണ്, ഒരു സമരമാര്‍ഗ്ഗമാണ് എന്ന് വിശ്വസിക്കുന്ന കുറച്ചു കലാകാരന്മാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ഇടക്കെങ്കിലും വന്നെത്തുന്നത് യാദൃശ്ചികമായല്ല, മുഖ്യധാരാ സിനിമയോട് അതികഠിനമായി പടവെട്ടിക്കൊണ്ടു തന്നെയാണ്. സാങ്കേതികതയുടെ ആനുകൂല്യം ഉണ്ടെങ്കിലും, ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് അത്തരം സിനിമകള്‍ പുറത്തെത്തുന്നത്. ഒരു സിനിമയുടെ ബീജാവാപം മുതല്‍ അത് കാണികളുടെ ഹൃദയത്തില്‍ ആവാഹിക്കപ്പെടുന്ന മുഹൂര്‍ത്തം വരെ ഓരോ ഘട്ടങ്ങളിലും നേരിടുന്ന തടസ്സങ്ങള്‍ വിവരണാതീതമാണ്. ഇവിടെ ഉയര്‍ത്ത പ്പെടുന്ന ചോദ്യം വളരെ പ്രസക്തമാണ്: സിനിമ എന്ന മാധ്യമത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നത് ആരാണ്? സിനിമ ചെയ്യാനുള്ള അവകാശം ആര്‍ക്കാണ്?

നിശ്ചല ചിത്രത്തില്‍ നിന്നും ചലിക്കുന്ന ചിത്രത്തിലേക്കുള്ള വളര്‍ച്ചയില്‍ സംഭവിച്ച അടിസ്ഥാന മാറ്റം അതിന് മനുഷ്യന്റെ ചൂടും ചൂരും പ്രതീക്ഷകളും നഷ്ടസ്വപ്നങ്ങളും നിശ്വാസങ്ങളും, അതിനുമുപരി, ആത്മാവും ശരീരവും രൂപവും ഭാവവും കൈവന്നു എന്നുള്ളതാണ്. അതുതന്നെയാണ് അതിന്റെ പ്രശ്നവും. അതിനെ വളര്‍ത്താനും നിയന്ത്രിക്കാനും ആളുണ്ടായി. മുഖ്യധാരാ സിനിമ എന്ന വിനോദോപാധി ഇതിന്റെ ഒരു ഉപോല്‍പ്പന്നമാണ്. പക്ഷെ, ഇന്ന് വിനോദ സിനിമയാണ് അരങ്ങു വാഴുന്നത്. മറ്റു ചലച്ചിത്ര പ്രവര്‍ത്തനങ്ങളെല്ലാം പാര്‍ശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇറങ്ങിയ ചില സിനിമകള്‍ നോക്കുക: താര പരിവേഷങ്ങളോ വലിയ നിര്‍മ്മാണ കമ്പനികളുടെ പിന്‍ബലമോ, കൊട്ടിഘോഷിച്ചുകൊണ്ടുള്ള പ്രൊമോഷന്‍ മാമാങ്കമോ ഇല്ലാതെ റിലീസ് ചെയ്ത കുറേ സിനിമകള്‍ മുഖ്യധാരാ സിനിമകളോടു പടവെട്ടിക്കൊണ്ടാണ് പ്രേഷകരിലേക്കെത്തിയത്. വിതരണ കമ്പനികളുടെയും, തിയ്യേറ്ററുകളുടെയും നിയതമായ നിയമങ്ങളും നിയന്ത്രണങ്ങളും, ധാര്‍ഷ്ട്യങ്ങളും സഹിക്കേണ്ടതുണ്ടായിരുന്നു അതിന്. ലാഭത്തില്‍ അധിഷ്ഠിതമായ വാണിജ്യ സംസ്കാരം നിലനില്‍ക്കുന്ന ഈ മേഖലയില്‍ ഒരു നല്ല സിനിമ പ്രേക്ഷകന്റെ മുന്‍പില്‍ എത്തിക്കുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്.
സിനിമയുടെ സെന്‍സറിങ്ങില്‍ തന്നെ ആദ്യത്തെ പ്രശ്നം ആരംഭിക്കുന്നു. നിയമങ്ങളും മാനദണ്ഡങ്ങളും മാത്രം അനുസരിച്ചാല്‍ പോരാ, നിലനില്ക്കുന്ന രാഷ്ട്രീയ തത്വസംഹിതകളുടെ അനുശാസനങ്ങളുടെയും മതകല്‍പ്പനകളുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന ഒരു കാലമാണിത്. ജയന്‍ ചെറിയാന്റെ ‘ക ദ ബോഡിസ്കേപ്പ്’ എന്ന സിനിമയുടെ സെന്‍സറിംഗ് പ്രശ്നം കഴിഞ്ഞ വര്‍ഷത്തെ ചൂടുള്ള വാര്‍ത്തയായിരുന്നു. ഈ വര്‍ഷം സെന്‍സര്‍ കത്രികക്കിരയായിരിക്കുന്നത് ഒരു ബംഗാളി ചിത്രമാണ്. സുവേന്ദു ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ‘ശൂന്യതോ’ ഇപ്പോള്‍ സെന്‍സര്‍ കത്രികക്കിരയായി. നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുള്ള ചില പരാമര്‍ശങ്ങളാണ് ഇതിലെ വില്ലന്‍. മറാത്തി ചിത്രമായ ദി കോര്‍ട്ട്, ഫില്ലൗരി, ഉഡ്താ പഞ്ചാബ് തുടങ്ങിയ സിനിമകളുടെ ദുരനുഭവങ്ങള്‍ കഴിഞ്ഞ കാല ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നവയായിരുന്നു. സര്‍ഗ്ഗാത്മകത കൊണ്ട്, കലാരൂപം കൊണ്ട് ശരിയല്ലായ്മകളോട് കലഹിക്കാനുള്ള ഒരു കലാകാരന്റെ അടിസ്ഥാനപരമായ അവകാശത്തെയാണ് ഇവിടെ ഹനിക്കപ്പെടുന്നത്.

‘ആര്‍ട്ട്‌ ഹൗസ്‌ മൂവി’ എന്ന ചെല്ലപ്പേരിട്ടു കളിയാക്കി വിളിക്കുന്ന കലാമൂല്യമുള്ള, അല്ലെങ്കില്‍, മുഖ്യധാരാ കറിക്കൂട്ടുകള്‍ ഉപയോഗിക്കാതെ, നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ നിലവിലെ വിതരണ സംവിധാനത്തില്‍ നിന്നും പുറത്താണ്. അതിനു മറ്റു വഴി തേടേണ്ടിയിരിക്കുന്നു. തിയ്യേറ്റര്‍ വാടകക്ക് എടുത്തു വരെ സിനിമ പ്രദര്‍ശിപ്പിക്കേണ്ട ഗതികേടാണ് അതിന്റെ നിര്‍മ്മാതാവിനും സംവിധായകനും ഉള്ളത്. എന്നാല്‍, ഈ രീതി പിന്‍തുടരാത്ത മള്‍ട്ടിപ്ലെക്സ് എന്ന പുതുതലമുറ പ്രദര്‍ശന ശാലകള്‍ ഈ നിലനില്‍ക്കുന്ന പ്രദര്‍ശനനിയമം പിന്തുടരുന്നില്ല. അവിടെ വേണമെങ്കില്‍ ഇത്തരം സിനിമകള്‍ക്ക് സാധ്യതയുണ്ട്. പക്ഷെ, ആ സാധ്യത ഇത്തരം സിനിമകള്‍ക്ക് എത്രത്തോളം ഗുണകരമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സ്ഥിരതയില്ലാത്ത പ്രദര്‍ശന നിരക്ക്  ഇത്തരം സിനിമകളുടെ കാഴ്ചകളില്‍ നിന്നും കാണികളെ ഒരു പരിധി വരെ അകറ്റി നിര്‍ത്തും എന്നതും, പ്രദര്‍ശനത്തില്‍ വരുമാനത്തിന്റെ പങ്കുവയ്ക്കലിലെ അനീതി നിര്‍മ്മാതാവിനെ ഇത്തരം തിയ്യേറ്റര്‍ തിരഞ്ഞെടുക്കുന്നതില്‍ നിന്നും അകറ്റും എന്നും ഉറപ്പാണ്. ഒരുകാലത്ത്, ഉച്ചപ്പടം എന്ന ഓമനപ്പേരില്‍ കലാമൂല്യമുള്ള സിനിമകള്‍ക്ക് നഗരങ്ങളിലെ ഒട്ടുമിക്ക തിയ്യേറ്ററുകളിലും ഒരു വേദി ഉണ്ടായിരുന്നു. ആ സമ്പ്രദായം നിന്നുപോയത്തോടെയാണ് ഇത്തരം സിനിമകള്‍ക്ക് പ്രദര്‍ശന വേദികള്‍ ഇല്ലാതായത്. ക്യൂബ്, യു.എഫ്.ഒ തുടങ്ങിയ ഓണ്‍ലൈന്‍ വിതരണ സംവിധാനങ്ങളില്‍ കൂടി ഇത്തരം  സിനിമകള്‍ വിതരണം നടത്താം. പക്ഷെ, ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ സിനിമ അപ് ലോഡ് ചെയ്യുന്നതിന് വേണ്ടിവരുന്ന ഭാരിച്ച തുക, വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ സിനിമയെടുക്കുന്ന നിര്‍മ്മാതാവിന് താങ്ങാനാവുന്നതി നപ്പുറമാണ്. അതിനു ശേഷമാണല്ലോ വരുമാനം പങ്കിടുന്നതിനെ കുറിച്ചു വ്യാകുലപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുക. പലയിടങ്ങളിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളും ഇത്തരം സിനിമകള്‍ക്കുള്ള പ്രധാന വേദിയാണ്. ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും, ഒട്ടേറെ നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ നല്‍കിയിട്ടുള്ള ഫിലിം സൊസൈറ്റി പ്രസ്ഥാനം കുറച്ചു നാളായി ഒരു തളര്‍ച്ചയെ അഭിമുഖീകരിക്കുന്നു എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.

2016-17 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇറങ്ങിയ കുറെയേറെ സിനിമകള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഗോവ ഫെസ്റ്റിവല്‍, തിരുവനന്തപുരം ഫെസ്റ്റിവല്‍ എന്നിവയില്‍ പ്രദര്‍ശിപ്പിച്ച ചില ചിത്രങ്ങള്‍, വളരെ പരിമിതമായ വിഭവശ്രോതസ്സ് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചവയാണെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. തൃശൂരില്‍ നടന്ന ഫെസ്റ്റിവലിലും അത്തരത്തില്‍ നിര്‍മ്മിച്ച ചില സിനിമകള്‍ വരികയുണ്ടായി. ഈ ചിത്രങ്ങളുടെ പ്രവര്‍ത്തകരെല്ലാം തന്നെ ആവര്‍ത്തിച്ചു പറയുന്ന കാര്യം ഒന്നുതന്നെയാണ്: പ്രദര്‍ശന വേദികളുടെ അപര്യാപ്തത. അത്തരത്തിലുള്ള ഒരു സിനിമയാണ് ഈ വര്‍ഷം നല്ല ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സുമിത്ര ഭാവെ സംവിധാനം ചെയ്ത ‘കസാവ്’ (കടലാമ) എന്ന മറാത്തി ചിത്രം. വിനോദ സിനിമകള്‍ക്കൊപ്പം തന്നെ ഒരേ വേദി പങ്കിടാന്‍ അര്‍ഹതപ്പെട്ടതാണ് ഈ സിനിമകളും.
ഒരുപാട് പേരുടെ അദ്ധ്വാനവും ധനവും സമയവും ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഒരു സിനിമ ഇത്തരം ചെറിയ ഒരു വൃത്തത്തിനുള്ളില്‍ പ്രദര്‍ശനം ഒതുക്കേണ്ടവയാണോ? നിലവിലെ വിതരണ-പ്രദര്‍ശന സംവിധാനങ്ങളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത്തരം സിനിമകള്‍ക്ക് അര്‍ഹതയില്ലേ? ഒരുഭാഗത്ത് സിനിമാ പ്രവര്‍ത്തനം വെറും തൊഴിലായി കാണുന്ന തൊഴിലാളികളും, മറുഭാഗത്ത് കലയെ ഹൃദയത്തില്‍  ആവാഹിച്ച ഒരുപറ്റം മനുഷ്യരും നിലനില്‍ക്കുന്ന ഈ മാധ്യമത്തില്‍ വിനോദ സിനിമയോടൊപ്പം കലാമൂല്യമുള്ള സിനിമകള്‍ക്കും ഒരുപോലെ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു സാഹചര്യം ഉണ്ടായേ പറ്റൂ. അതിനു വ്യക്തമായ നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു. നിര്‍മ്മാതാവ് തിയ്യേറ്റര്‍ വാടകക്കെടുത്ത്, അയാള്‍ തന്നെ സുഹൃത്തുക്കള്‍ക്കിടയിലും അഭ്യുദയകാംക്ഷികള്‍ക്കിടയിലും ടിക്കറ്റ് വിറ്റ് സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കേണ്ടിവരുന്ന ദയനീയ സാഹചര്യം ഒഴിവാക്കിയേ പറ്റൂ. ചവറ്റുകുട്ടയില്‍ പോലും ഇടാന്‍ കഴിയാത്തത്ര വൃത്തികെട്ട ചില വിനോദ ചിത്രങ്ങള്‍ നിര്‍മ്മിച്ച് അത്  തിയ്യേറ്ററുകളില്‍ നിര്‍ബ്ബന്ധ പൂര്‍വ്വം റിലീസ് ചെയ്ത്, ഹോള്‍ഡ്‌ ഓവര്‍ ആവാതിരിക്കാന്‍ പതിനെട്ട് അടവുകളും പയറ്റുന്ന, അതിനായി ഗുണ്ടകളെ പോലും നിയോഗിക്കുന്ന സിനിമാക്കാര്‍ക്കിടയില്‍ ഇത്തരം സിനിമാക്കാര്‍ക്ക് മാന്യമായ ഒരു ഇരിപ്പിടം ഉണ്ടായേ പറ്റൂ. ഗുണ്ടാ പ്രവര്‍ത്തനവും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കിയ മുഖ്യധാരാ സിനിമകള്‍, അതെല്ലാം സിനിമയുടെ, സമൂഹത്തിന്റെ, ജീവിതത്തിന്റെ ഭാഗമാണെന്ന് നിസ്സംഗമായി പ്രതികരിക്കുമ്പോള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അനാശാസ്യ പ്രവണതകള്‍ ഈ സിനിമാ ലോകത്തിന്റെ നേര്‍ചിത്രമായി പരിണമിക്കുകയാണ്. അതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പോലും ഇവര്‍ക്ക് അത്രമേല്‍ അസഹനീയവും.

അവസാനിപ്പിക്കും മുന്‍പ് അങ്കമാലിയെക്കുറിച്ച് ഒരു വാക്ക്. വിനോദസിനിമയുടെ മേഖലയില്‍ സമ്പൂര്‍ണ്ണമായ ഗുണ്ടാ ആധിപത്യം ആഘോഷിക്കപ്പെടുന്ന ഈ കാലത്ത്, ഗുണ്ടാ വിളയാട്ടവും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും മഹത്വവല്‍ക്കരിച്ച ഒരു സിനിമയാണ് അങ്കമാലി ഡയറീസ്. എല്ലാം ചേരുംപടി ചേര്‍ത്ത ഒരസ്സല്‍ തറവാടി പോര്‍ക്ക് കറി. മറ്റേതു തട്ടുപൊളിപ്പന്‍ സിനിമപോലെത്തന്നെയാണ് ഈ സിനിമയും. ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത് അതൊന്നുമല്ല. സ്ത്രീ വിരുദ്ധത ഒരു അലങ്കാരമായി കാണുന്നത് ഈ സിനിമയും ഒഴിവാക്കിയിട്ടില്ല. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സ്ത്രീ അവകാശങ്ങള്‍ക്കായി ഘോരഘോരം മുറവിളി കൂട്ടുന്ന ഇതിലെ ഒന്നര ഇഞ്ച്‌ മെറ്റല്‍ കൊണ്ട് പോര്‍ക്ക് കറി വയ്ക്കാന്‍ കഴിവുള്ള അമ്മ നടിയെക്കൊണ്ട് സ്ത്രീ വിരുദ്ധ ഡയലോഗ് പറയിപ്പിക്കുന്നതില്‍ വിജയിച്ച സംവിധായകന്‍, ഒരു മടിയും കൂടാതെ ആ ഡയലോഗ് ഒട്ടും തെറ്റാതെ ഭംഗിയായി പറഞ്ഞു ഫലിപ്പിച്ച നടി, അതുവഴി സോഷ്യല്‍ മീഡിയാ വിപ്ലവവും സാധാരണ മനുഷ്യരുടെ ജീവിതവും രണ്ടാണ് എന്ന് സമൂഹത്തോട് വിളിച്ചു പറയുന്നതില്‍ വിജയിച്ചിരിക്കുന്നു. എന്ത് സന്ദേശമാണ് ഇവരൊക്കെ സമൂഹത്തിനു നല്‍കുന്നത്? ഇവിടെ ആരാണ് ശരി?

സിനിമയുടെ ഗ്ലാമര്‍ ലോകവും സെലിബ്രിറ്റി എന്ന വരേണ്യ വര്‍ഗ്ഗവും മദിച്ചുവാഴുന്ന ഈ ലോകത്ത് യഥാര്‍ത്ഥ സിനിമയുടെ വക്താക്കള്‍ക്ക് ഇടനാഴിയില്‍ കുന്തിച്ചിരിക്കാനുള്ള സൗകര്യം പോരാ എന്ന് ഉറച്ചു പറയേണ്ട കാലം കഴിഞ്ഞുപോയിരിക്കുന്നു.


൦൦൦

Comments

Popular Posts